ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബിലേക്കുള്ള ഈ വർഷത്തെ പ്രവേശനത്തിന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സ്‌കൂളിന്റെ ലിറ്റിൽ കൈറ്റ്‌സ് പോർട്ടലിലെ ലോഗിനിൽ ലഭ്യമാണ്. 2092 യൂണിറ്റുകളിൽ നിന്നായി 1.8 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 2033 യൂണിറ്റുകളിൽ നിന്നുള്ള 70827 വിദ്യാർത്ഥികളെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 36105 ആൺകുട്ടികളും 34722 പെൺ കുട്ടികളുമാണ്.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്‌സ് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഐ.ഒ.ടി, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളിൽ ‘എ ഗ്രേഡ്’ ലഭിക്കുന്ന കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകി വരുന്നുണ്ട്. പുതുക്കിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്‌സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളല്ലാത്ത മറ്റു വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകും. ഇതിനായി 29000 റോബോട്ടിക് കിറ്റുകൾ പൊതുവിദ്യാലയങ്ങൾക്ക് വിതരണം ചെയ്തു കഴിഞ്ഞു.







