കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് എത്തി സമീപത്തുള്ള വീടുകളിൽ താമസിക്കുന്ന കുഞ്ഞുങ്ങളും , വൃദ്ധൻമാരും വിദ്യാർത്ഥികളുമടങ്ങിയ മുപ്പത് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സംഭവം ജിയോളജി വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ നിർദ്ദേശിച്ചു. കൂടാതെ സംഭവ സ്ഥലം വേണ്ടസുരക്ഷാ മാനദണ്ഡങ്ങൾ എടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കിണർ അപ്രതീക്ഷിതമായി ഇടിഞ്ഞുതാഴ്ന്നത്. ഈ സമയം വീടുകളിൽ ആളുകൾ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാനായി. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പത്ത് അടിയിലേറെ താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഉടൻതന്നെ മീഞ്ചന്ത ഫയർ യൂണിറ്റും പൊലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും പൊലീസിൻ്റെയും സമയോചിതമായ ഇടപെടലുകളാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചത്.