നാട്ടിൽ കൃഷി ചെയ്ത് ജീവിക്കാനാകുമോ? ലാഭകരമായി കൃഷി ചെയ്യാനാകുമെന്ന് മാത്രമല്ല കുറച്ചുപേർക്ക് ജോലി കൂടി നൽകാൻ സാധിക്കുമെന്നാണ് ചേമഞ്ചേരി തിരുവങ്ങൂര്‍ സ്വദേശി അംബരീശ് പറയുന്നത്. തിരുവങ്ങൂരിലെ ഫാമിൽ വിജയകരമായി ചെമ്മീന്‍ കൃഷി ചെയ്ത് സംസ്ഥാന മത്സ്യ കര്‍ഷക അവാര്‍ഡില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനുള്ള മൂന്നാം സ്ഥാനമാണ് വിദേശത്തെ ജോലി ഒഴിവാക്കി നാട്ടിൽ തിരിച്ചെത്തി സംരംഭം ആരംഭിച്ച അംബരീഷ് നേടിയെടുത്തത്.
യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി സീ ഫുഡ് എക്‌സ്‌പോര്‍ട്ടിങ് ആന്‍ഡ് സപ്ലൈയില്‍ ജോലി ചെയ്തു വരുന്ന കാലത്താണ് നാട്ടിൽ തിരിച്ച് വന്ന് എന്തെങ്കിലും സംരംഭം തുടങ്ങാമെന്ന് അംബരീഷ് തീരുമാനിക്കുന്നത്. 2015 ല്‍ നാട്ടിലെത്തി ഫ്രഷ് വാട്ടര്‍ ഫിഷിന്റെയും മറൈന്‍ വാട്ടര്‍ ഫിഷിന്റെയും എക്‌സ്‌പോര്‍ട്ടിങ്ങിൽ ജോലി നോക്കുകയും ചെയ്തു. എന്നാലിത് വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയില്ല. ഈ സംരംഭം ഉപേക്ഷിച്ച് 2017-18 ൽ ബന്ധുവിന്റെ 18 ഏക്കര്‍ സ്ഥലം ഏത് രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന് അന്വേഷിച്ചിറങ്ങിയതിൽ നിന്നാണ് മത്സ്യകൃഷിയിൽ എത്തുന്നത്. തുടക്കത്തില്‍ അര്‍ദ്ധശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്തു. അതില്‍ മെച്ചം കാണാത്തതിനാല്‍ ഫാം വിപുലീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ മത്സ്യകൃഷി ഫാമുകള്‍ സന്ദര്‍ശിക്കുകയും മത്സ്യം വളര്‍ത്തുന്നത് നോക്കി മനസിലാക്കുകയും ചെയ്തു. ശേഷമാണ് സ്വന്തമായി ചെമ്മീന്‍ കൃഷിയിലേക്ക് ഇറങ്ങി തിരിക്കുന്നത്.
2021 ല്‍ ജെസിബി ഇറക്കി വനാമി ചെമ്മീനു വേണ്ട രീതിയില്‍ കുളം ഒരുക്കി. ബണ്ട് നിര്‍മ്മിച്ചു. ബയോ സെക്യൂരിറ്റി ഉറപ്പുവരുത്തി. 2022 ല്‍ കൃഷി തുടങ്ങുമ്പോള്‍ രണ്ടു കുളങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൃഷി മെച്ചപ്പെടാന്‍ തുടങ്ങിയപ്പോള്‍ കുളങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ നാല് കുളങ്ങളും രണ്ട് റിസര്‍വോയര്‍ കുളങ്ങളുണ്ട്. അവസാനത്തെ സീസണില്‍ കൃഷി വിജയകരമായി കൊണ്ടുപോകന്‍ സാധിച്ചു. വിളവെടുപ്പില്‍ 12.5 ടണ്‍ വിളവെടുക്കാന്‍ സാധിച്ചു. ഈ വര്‍ഷം എട്ട് ലക്ഷം വനാമി വിത്ത് ഇട്ടു. മത്സ്യ കൃഷി വഴി ഒരുപാട് ആളുകള്‍ക്ക് ജോലി നല്‍കാനും അംബരീഷിന് സാധിച്ചു. എട്ട് പേരോളം സ്ഥിര ജീവനക്കാര്‍ ഈ ഫാമില്‍ ജോലി ചെയ്യുന്നുണ്ട്.