‘ശുചിത്വസാഗരം സുന്ദര തീരം’ പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ കോഴിക്കോട് ജില്ല മുന്നോട്ട് വെക്കുന്നത് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ വിജയഗാഥ.
കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ശുചിത്വസാഗരം സുന്ദര തീരം’. പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള സംസ്ഥാനതല അവാര്‍ഡ് കോഴിക്കോട് ജില്ലയ്ക്ക് ലഭിച്ചതായി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കടല്‍ത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്നതില്‍ ഏറ്റവും മികച്ച പങ്ക് വഹിച്ചതിനാണ് പുരസ്‌കാരം.
മത്സ്യബന്ധനം, തദ്ദേശ സ്വയംഭരണം, യുവജനകാര്യം, വിനോദ സഞ്ചാരം വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയിൽ അഴിയൂര്‍ പഞ്ചായത്തിലെ എരിക്കല്‍ ബീച്ച് മുതല്‍ കടലുണ്ടി പഞ്ചായത്തിലെ വാക്കടവ് കോര്‍ണിഷ് മസ്ജിദ് വരെ ഓരോ കിലോമീറ്റര്‍ ഇടവെട്ട് സജ്ജീകരിച്ച 72 ആക്ഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും, വിവിധ വകുപ്പുകളെയും സംയോജിപ്പിച്ച് ആക്ഷന്‍ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടിയുടെ വിജയത്തിനായി വിവിധ സംഘാടക സമിതികള്‍ രൂപീകരിക്കുകയുയും ചെയ്തു.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍, കോര്‍പ്പറേഷന്‍, തദ്ദേശ സ്വയംഭരണം, ആരോഗ്യ വിഭാഗം, ശുചീകരണ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കോസ്റ്റല്‍ പോലീസ്, ബോട്ടുടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, എന്‍എസ്എസ് വളന്റിയര്‍മാര്‍, ടിഡിഎഫ്, ഹരിത കര്‍മസേന തുടങ്ങി 3000 ത്തിലധികം വരുന്ന സമൂഹത്തിലെ നാനാ മേഖലയിലുള്ളവര്‍ ജില്ലയിലെ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായിരുന്നു.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ക്യാമ്പയിനുകളാണ് ജില്ലയിൽ സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍, ഹാര്‍ബറുകള്‍, പൊതു പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തി. സാഗര്‍മിത്രകള്‍, പ്രമോട്ടര്‍മാര്‍, അക്വാകള്‍ച്ചര്‍ കോ.ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നോട്ടീസുകള്‍ തയ്യാറാക്കി വീടുകളിലും സ്ഥാപനങ്ങളിലുമെത്തിച്ചു. ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി 25023 കി.ഗ്രാം മാലിന്യമാണ് തീരദേശത്തു നിന്നും നീക്കി ക്ലീന്‍ കേരള കമ്പനിക്ക് നൽകിയത്. മൂന്നാം ഘട്ടത്തില്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണവും സംഘടിപ്പിച്ചു.
കേരളത്തിന്റെ കടല്‍തീരം പ്ലാസ്റ്റിക് മുക്തമാക്കാന്‍ 2025 ഏപ്രില്‍ 11ന് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം സംഘടിപ്പിച്ചിരുന്നു. ഓരോ കിലോമീറ്റര്‍ വരുന്ന തീരപ്രദേശത്തും 25 സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ ഗ്രൂപ്പുകളെ സജ്ജമാക്കി ഓരോ ഗ്രൂപ്പുകളും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനി, ശുചിത്വമിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയില്‍ ഷെഡിങ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയാണ് ചെയ്തത്.
കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പദ്ധതിയുടെ ഭാഗമായി കടലില്‍ നിന്നും വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്‌ക്കരിച്ച് പുനരുപയോഗിക്കാനും സാധിച്ചു. ലോകത്തിന് മാതൃകയായ പദ്ധതി എന്ന രീതിയില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും, ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്ത പദ്ധതിയാണ് ‘ശുചിത്വസാഗരം സുന്ദര തീരം പദ്ധതി’.