ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികൾക്ക് നിർദ്ദേശം നൽകി.
വനം വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും ഡയറക്ടർക്കും അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദ്ദേശം നൽകപ്പെട്ടത്. ജില്ലാ കളക്ടർമാരെ പ്രതിമാസം യോഗം ചേർത്ത് ഫലപ്രദ ഇടപെടലുകൾ ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് ഇല്ലാതാക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും നേരത്തേ നൽകിയിരുന്നുവെങ്കിലും പലരും ഇത് ഫലപ്രദമായി നടപ്പിലാക്കാത്ത പശ്ചാത്തലത്തിലാണ് ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടത്. കാട്ടുപന്നികളുടെ ആക്രമണത്തിൽ ഉണ്ടായ കൃഷിനാശവും അപകടങ്ങളും സംബന്ധിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രനു നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടികൾക്ക് നിർദ്ദേശം നൽകിയത്.