ഇന്നലെ ഉച്ചയോടെ കക്കയം പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട് കാണാതായ പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും, കിനാലൂര്‍ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിന്‍ മോഹനായുള്ള ( 29) തെരച്ചില്‍ ഇന്ന് രാവിലെ പുന: രാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുഴയില്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനായില്ല. ജില്ലയിലെ ഫയര്‍ഫോഴ്സുകളുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്‌കൂബ ടീമും, കൂരാച്ചുണ്ട് പോലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചു. ശക്തമായ അടിയൊഴുക്കിള്ള സ്ഥലമാണിവിടെ.
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡാര്‍ളി പുല്ലംകുന്നേല്‍, ജെസി ജോസഫ് കരിമ്പനക്കല്‍, പനങ്ങാട് ഗ്രാമപഞ്ചായത്തംഗം റിജു പ്രസാദ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, ബാങ്ക് അധികൃതര്‍ തുടങ്ങി എല്ലാവരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.നാട്ടുകാരും, സുഹൃത്തുക്കളും സംഭവമുണ്ടായ സ്ഥലത്തേക്ക് ഒഴുകിയെത്തി.