നിപ സമ്പര്‍ക്കപ്പട്ടിക: കോഴിക്കോട്ട് 116 പേർ- സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

 

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 116 പേർ. മലപ്പുറം ‍ 203, പാലക്കാട് 177, എറണാകുളത്ത് 2 എന്നിവയടക്കം സംസ്ഥാനത്ത് 498 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേര്‍ ഐസിയു ചികിത്സയിലാണ്. ഇതുവരെ 46 സാമ്പിളുകള്‍ മലപ്പുറത്ത് നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78കാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിൽ മൂന്നുപേർ ‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പൂനെ ഐസിഎംആര്‍-ബാറ്റ്സ് ടീം പാലക്കാടെത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി.

സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.