ഫറോക്ക്: ചെറുവണ്ണൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടർ മുസമ്മിലിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) ശക്തമായി പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട കുറ്റക്കാർക്കെതിരെ ഉടൻ കർശന നിയമനടപടി സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. ഫറോക്ക് ചെറുവണ്ണൂരിലെ ഒരു സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് ദേശീയ പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മുസമ്മിലിനെ ഒരു കൂട്ടം അക്രമികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയാണെന്ന് ഐഎംആർയു ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കൂടുതൽ വൈകാതെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുകയും, അന്വേഷണത്തിനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഐഎംആർയു പ്രവർത്തകർ കറുത്ത തുണി കൊണ്ട് വായ മൂടികെട്ടിയിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പരിപാടി ഐഎംആർയു ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജംഷിദ് മേലത്ത്, രഘു നാഥ് പുറ്റാട് അംജത് എസ്പി, മേഖല കമ്മിറ്റി പ്രസിഡന്റ് പി പി ഹാരിസ്,ജംഷീദ് പെരുമണ്ണ, സിദ്ധിക്ക് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു.