ജനപങ്കാളിത്തത്തോടെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കി പുരസ്കാരം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. ദേശീയ മത്സ്യ കര്‍ഷക ദിനത്തില്‍ ഫിഷറീസ് വകുപ്പ് സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ മൂടാടിയെ തേടിയെത്തിയത് ഒന്നാം സ്ഥാനം. മത്സ്യ മേഖലയിൽ നടപ്പാക്കിയ വേറിട്ടതും മത്സ്യ തൊഴിലാളികൾക്ക് ഏറെ സഹായകരവുമായ പദ്ധതികൾ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന അവാർഡിനാണ് മൂടാടി ഗ്രാമ പഞ്ചായത്ത് അർഹമായത്.
ഫിഷറീസ് വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിൻ്റെയും വിവിധ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചതാണ് അംഗീകാരത്തിന് അർഹമായത്. മത്സ്യ തൊഴിലാളികൾക്ക് ഫൈബർ വള്ളം, വല വിതരണം, വാട്ടർ ടാങ്ക് വിതരണം, ഓട്ടോമാറ്റിക് ലൈഫ് ജാക്കറ്റ്, മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ് ടോപ്പ് തുടങ്ങിയ പദ്ധതികൾ തീരദേശ മത്സ്യ തൊഴിലാളികൾക്കായി പഞ്ചായത്ത് നടപ്പാക്കി. മത്സ്യകൃഷി വ്യാപനത്തിൻ്റെ ഭാഗമായി അകലാപുഴയിൽ കൂട് മത്സ്യകൃഷി, മത്സ്യ സഞ്ചാരി പദ്ധതി, വീട്ടു വളപ്പിൽ ബയോ ഫ്ലോക് സംവിധാനത്തിൽ മത്സ്യം വളർത്തൽ, പടുതാ കുളം പദ്ധതി, മുറ്റത്തൊരു മീൻ തോട്ടം തുടങ്ങി പദ്ധതികൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലും നടപ്പിലാക്കി.
എല്ലാവർഷവും പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി മത്സ്യ തൊഴിലാളികളെ പങ്കെടുപ്പിച്ച് മത്സ്യ സഭകൾ നടത്തി അതിൽ നിന്നും ലഭ്യമാകുന്ന നിർദേശങ്ങളും മത്സ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഈ മേഖലയിലുള്ള എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് പഞ്ചായത്തിനെ അവാർഡിന്
അർഹമാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ പറഞ്ഞു.