തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്താനുള്ളത്.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാര്‍ഡുകള്‍ പുതിയതായി നിലവില്‍ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍നിന്ന് 2267 ആകും. സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റം വരും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 77 ബ്ലോക്കുകള്‍ വനിതകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളില്‍ അധ്യക്ഷസ്ഥാനം സംവരണം ചെയ്തിട്ടുണ്ട്. അതില്‍ എട്ടെണ്ണം വനിതകള്‍ക്കാണ്. പട്ടികവര്‍ഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതില്‍ രണ്ടിടത്ത് വനിതകള്‍ അധ്യക്ഷര്‍ ആകും.