പൂക്കാട്-മുക്കാടി ബീച്ച് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാരണം സമീപവാസികള്‍ വലിയ ദുരിതത്തിലാണ്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ ഇവിടം കാലങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുകയാണ്. മുണ്ടാടത്ത് ക്ഷേത്രം മുതല്‍ അര കിലോമീറ്ററോളം റോഡ് നീളത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വലിയ തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്.
വീട് വിട്ട് പുറത്തേക്കിറങ്ങാനേയ്ക്കും സ്‌കൂളിലേക്കുള്ള യാത്രയ്ക്കും വലിയ ബുദ്ധിമുട്ട് നേരിടുകയാണ് പരിസരവാസികളും വിദ്യാര്‍ത്ഥികളും. ചേമഞ്ചേരി യു.പി. സ്‌കൂള്‍, ഇലാഹിയ സ്‌കൂള്‍, മദ്രസ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്ക് ഓരോ ദിവസവും ഗുരുതരമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്.
ഇതു തടയാനായി നാട്ടുകാര്‍ നേരത്തെ ക്വാറി വെയിസ്റ്റ് ഉപയോഗിച്ച് കാൽനടപാത ഒരുക്കിയെങ്കിലും ഇപ്പോള്‍ അതിലും വെള്ളം കയറിയിരിക്കുകയാണ്. ഓട്ടോറിക്ഷ സര്‍വീസുകള്‍ നിലച്ചതോടെയാണ് കടുത്ത ഗതാഗത ദോഷം രൂക്ഷമായത്. വെള്ളക്കെട്ടില്‍ ഇരു ചക്രവാഹനങ്ങള്‍ തെന്നി വീണ് പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ റോഡ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 18, 19, 20 നമ്പര്‍ വാര്‍ഡുകള്‍ കടന്ന് പോകുന്നു. 18 വര്‍ഷം മുമ്പ് ടാറിംഗ് ചെയ്തതിനു ശേഷം അറ്റകുറ്റപ്പണിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പുനരുദ്ധരിക്കുവാന്‍ കുറഞ്ഞത് രണ്ട് കോടി രൂപയെങ്കിലും ആവശ്യമാണ്. എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് നവീകരണം നടത്തേണ്ടതുണ്ടെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
റോഡിന്റെ നവീകരണത്തിന്നായി ഗ്രാമ പഞ്ചായത്ത് 30 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു. ടെണ്ടറിംഗ് പൂര്‍ത്തിയായെന്നും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അവർ അറിയിച്ചു. എന്നാല്‍, പൂര്‍ണ നവീകരണത്തിനായി അധിക ഫണ്ടുകൾ കണ്ടെത്തേണ്ടിവരുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.