പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. കോരപ്പുഴ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കോർപറേഷൻ മേഖല ഓഫീസിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം.
മാട്ടുവയൽ ഭാഗത്തെ നിലവിലെ കടൽഭിത്തി ഉയർത്തുന്നതിനും പുഴയ്ക്ക് സമീപം സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുമുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കുന്നത് വേഗത്തിലാക്കും. ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് അറിയിക്കും. അഴിമുഖത്തോട് ചേർന്ന് പുലിമുട്ട് നിർമ്മിക്കുന്നതിന് പഠനം നടത്താനുമുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. രാത്രി കരയോട് ചേർന്ന് ഡ്രഡ്‌ജ് ചെയ്യുന്നതും ഫിൽറ്റർ ചെയ്ത ശേഷമുള്ള ചളി പുഴയിലേക്ക് ഒഴുക്കുന്നതും ഒഴിവാക്കാൻ കരാറുകാരന് നിർദ്ദേശം നൽകി.
ഡ്രഡ്ജിങ് പ്രവൃത്തിയുടെയും കടൽ ഭിത്തിയുടെയും പുഴ സംരക്ഷണ ഭിത്തിയുടെയും നിർമാണവും പരിശോധിക്കാൻ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റിയുടെ ചെയർപേഴ്സൺ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൺവീനർ ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമാണ്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, കൗൺസിലർമാരായ വി കെ മോഹൻദാസ്, മനോഹരൻ മാങ്ങാറിയിൽ, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ടി ഷാജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ യു കെ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ പി മുഹമ്മദ് ഷിബിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ്, എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ കെ ആർ രഞ്ജിത്, വില്ലേജ് ഓഫീസർ പി ജിജി, ജനപ്രതിനിധികൾ, കോരപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.