ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രീ ഈവന്റുകള്‍ക്ക് വനിതകളുടെ മഴനടത്തത്തോടെ തുടക്കമായി. തുഷാരഗിരിയിലെ ഒന്നാമത്തെ വെള്ളച്ചാട്ടം മുതല്‍ മഞ്ഞുമല വരെയാണ് മഴനടത്തം സംഘടിപ്പിച്ചത്. മലയോരത്തെ പ്രകൃതിയുടെ തണുപ്പും ഭംഗിയും ആസ്വദിച്ചായിരുന്നു യാത്ര.
പരിപാടിയുടെ ഫ്‌ളാഗ് ഓഫ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ വര്‍ഗീസ്, പ്രീ ഇവന്റ് കണ്‍വീനര്‍ സി എസ് ശരത്, വിവിധ ഉപസമിതി അംഗങ്ങളായ എം എസ് ഷെജിന്‍, പോള്‍സണ്‍ അറക്കല്‍, ബെനിറ്റോ, ഡിടിപിസി മാനേജര്‍ ഷെല്ലി എന്നിവര്‍ പങ്കെടുത്തു. അല്‍ഫോന്‍സാ കോളേജിലെ വിദ്യാര്‍ഥിനികളും ജനപ്രതിനിധികളും മഴനടത്തത്തില്‍ പങ്കാളികളായി.