കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് നാളെ അർധരാത്രി മുതൽ നടക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്.
എട്ടിന് അർധരാത്രി മുതൽ ഒമ്പതിന് അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്‌എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു എന്നീ സംഘടനകളാണ് പണിമുടക്കിന്റെ ഭാഗമാക്കുക.
തിരുവനന്തപുരത്ത് രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയൻ അറിയിച്ചു. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ മ്യൂസിയം ജങ്‌ഷനിൽ നിന്ന് പ്രകടനമായി രാജ്‌ഭവനുമുന്നിലെത്തും.