പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പ്രധാന ചർച്ചാവിഷയമായി ഉയർന്നു വന്നു. എൻഎച്ച് 66ലെ വടകര ഭാഗത്ത് നിർമ്മാണത്തിലെ അപാകതകളും ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും ഷാഫി പറമ്പിൽ എംപി യോഗത്തിൽ ഉന്നയിച്ചു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സോയിൽ നെയിലിങ് നടത്തി പരാജയപ്പെട്ട ഭാഗങ്ങളിലെ ഭൂമി നാഷണൽ ഹൈവേ ഏറ്റെടുക്കണമെന്ന എംപിയുടെ ആവശ്യത്തിൽ ഇക്കാര്യം കേന്ദ്രസർക്കാരിനോടും ദേശീയപാത അധികൃതരോടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
ഡ്രെയിനേജ് നിർമ്മാണത്തിലെ പാളിച്ചകളും സർവീസ് റോഡിന്റെ തകർച്ചയും ദേശീയപാതയിൽ നീണ്ട ട്രാഫിക് ബ്ലോക്കിന് കാരണമാകുന്നതായും ഷാഫി പറമ്പിൽ എംപി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇവ പരിഹരിക്കുന്നതിന് ഫലപ്രദമായ ഡ്രെയിനേജ് പ്ലാൻ തയ്യാറാക്കി നടപ്പിലാക്കണമെന്നും എത്രയും വേഗം ദേശീയപാത നിർമ്മാണം പൂർത്തീകരിക്കുവാനുള്ള നടപടികൾ ഉണ്ടാകണമെന്നും യോഗത്തിൽ എംപി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം നിർമ്മാണ കമ്പനിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതയിൽ ഫലപ്രദമായ ഡ്രെയിനേജ് സംവിധാനം ഉറപ്പുവരുത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ എംപിമാർക്ക് ഉറപ്പുനൽകി.