കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മതം. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
39 വർഷം മുമ്പ് കൊലപാതകം നടത്തിയെന്ന കുറ്റസമ്മതവുമായി മുഹമ്മദലി പൊലീസിനെ സമീപിച്ചിരുന്നു. ശാരീരികമായി ഉപദ്രവിച്ചപ്പോൾ ആളെ ചവിട്ടിയതാണെന്നാണ് മുഹമ്മദലിയുടെ മൊഴി. തോട്ടിൽ വീണയാൾ മരിച്ചതായി അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്. അന്ന് 17 വയസായിരുന്നു മുഹമ്മദലിയുടെ പ്രായം. പൊലീസ് പരിശോധനയിൽ 1986 നവംബർ അവസാനം അജ്ഞാതനായ ഒരാൾ തോട്ടിൽ വീണ് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.
നിലവിൽ മരിച്ചയാളെ തിരിച്ചറിയാൻ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടു. കോടതിയിൽ നിന്നുള്ള കേസ് രേഖകളും പോലീസ് ശേഖരിക്കും. അന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം അജ്ഞാത മൃതദേഹം എന്ന നിലയിൽ നടപടി ക്രമം പാലിച്ച് സംസ്ക്കാരവും നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകിയിട്ടുണ്ട്