കൃത്രിമ ബീജ സങ്കലനം നടത്തുന്ന പശുക്കള്‍ പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇതിനായി ഇപ്പോള്‍ ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിച്ചുള്ള കൃത്രിമ ബീജാദാനം പ്രചാരം ഏറി വരികയാണ്. ഇത്തരം ബീജമാത്രകള്‍ ഉപയോഗിക്കുന്നതിലൂടെ 90% കൃത്യതയോടുകൂടി പശുക്കുട്ടികളെ ഉത്പാദിപ്പിക്കുവാന്‍ സാധിക്കും.
ക്ഷീരോല്‍പാദന മേഖലയിലെ ഒരു സുപ്രധാന കാല്‍വെയ്പ്പാണിതെന്ന് മൃഗസംരക്ഷമ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫ്‌ലൊസൈറ്റോമെട്രി എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഉയര്‍ന്ന ജനിതക മൂല്യമുള്ള വിത്തുകാളകളില്‍ നിന്ന് മൂരിക്കുട്ടി ജനിക്കാന്‍ സഹായിക്കുന്ന y ക്രോമസോം വേര്‍തിരിക്കുന്നത് .y ക്രോമസോമിനെ അപേക്ഷിച്ചു x ക്രോമസോമിന് 3.8% ഡി .എന്‍ .എ കൂടുതലാണ്.
ലിംഗ നിര്‍ണയം നടത്തിയ ബീജമാത്രകളുടെ ഉത്പാദനത്തിന്‍റെ ഓരോ പ്രക്രിയയും ആഗോളതലത്തില്‍ കുറച്ചു കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും വളരെ സ്‌പെഷ്യല്‍ ഐറ്റം സോര്‍ട്ടിങ് മെഷീനുകളും ഉയര്‍ന്ന പേറ്റന്‍റ് ഉള്ള സാങ്കേതികവിദ്യയും ആവശ്യമായതിനാലും ഈ പ്രക്രിയ ഏറെ ചിലവേറിയതാണ്. സെക്കന്‍ഡില്‍ 10000 മുതല്‍ 20,000 വരെ ബീജങ്ങളെ വേര്‍തിരിക്കാനായി സാധിക്കും.
ഇപ്രകാരം ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ക്ഷീര മേഖലയിലെ സാധ്യതകള്‍ ഏറെയാണ്. ക്ഷീര കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുന്നു; ലഭ്യമായ തീറ്റയുടെയും കാലിത്തീറ്റ വിഭവങ്ങളുടെയും മികച്ച ഉപയോഗം സാധ്യമാകുന്നു. പശുക്കിടാങ്ങള്‍ മാത്രം ലഭിക്കുന്നത് വഴി സംസ്ഥാനത്തിന്‍റെ പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടാവുന്നതാണ്.