മലപ്പുറം: സ്‌കൂൾ പരിസരങ്ങളിൽ അക്രമം, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി “ഓപ്പറേഷൻ ലാസ്റ്റ് ബെൽ” എന്ന പേരിൽ മലപ്പുറം ജില്ലാ പോലീസ് പ്രത്യേക പരിശോധന ആരംഭിച്ചു.
സ്‌കൂൾ സമയത്തിന് ശേഷവും ബസ്റ്റാൻ്റ് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി ചേരുന്ന സാഹചര്യം ശല്യമായി മാറുകയും, അക്രമത്തിൽ ഏർപ്പെടുകയും, ചിലർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ. ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരം പരിശോധനയ്‌ക്ക് തുടക്കമിട്ടത്.
വാഹന നിയമലംഘനത്തിന് 50 പേർക്കെതിരെ കേസെടുത്തു. ഇതിൽ 36 കേസുകളും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനങ്ങൾ കൈമാറിയ രക്ഷിതാക്കൾക്കെതിരെയാണ്. 200 വാഹനങ്ങൾ വിവിധ സ്റ്റേഷനുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഹൈസ്കൂൾ മുതൽ പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. രേഖകളില്ലാതെ വാഹനമോടിച്ചതിനും നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതിനും 14 പേരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു.
പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് നടപടി സ്വീകരിച്ചത്. പരിശോധനകളുടെ തുടർനടപടികൾ തുടരുമെന്നും പോലീസ് അധികൃതർ അറിയിച്ചു.