കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് കരാര്‍ ലഭിച്ചത്. 17.65 കോടി രൂപ ചെലവിട്ടുള്ള പുതിയ പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
വടകരയില്‍നിന്ന് കുറ്റ്യാടിയിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ കാവില്‍-തീക്കുനി-കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിലാണ് പഴയ പാലം പൊളിച്ച് ആധുനിക രീതിയില്‍ പുതിയ ആര്‍ച്ച് പാലം നിര്‍മിക്കുക. നിലവില്‍ 11 മീറ്റര്‍ മാത്രമാണ് പാലത്തിനടിയില്‍ കനാലിന്റെ വീതി. കനാലിന് 32 മീറ്റര്‍ വീതി ആവശ്യമായതിനാല്‍ പുതിയപാലം പണിതാല്‍ മാത്രമേ ജലഗതാഗതം സാധ്യമാകൂ.
ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പാലം നിര്‍മിക്കുക. കനാല്‍ നവീകരിക്കുമ്പോള്‍ നീളംകുറഞ്ഞ സ്പാനിലുള്ള പാലം ജലഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് പുതിയ പാലം നിര്‍മിക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ശിപാര്‍ശ നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക പാലവും റോഡും നിര്‍മിക്കും. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് നിര്‍വഹണ ചുമതല.
സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നാണ് വടകര-മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍. 17.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി കനാലില്‍ കല്ലേരി, പറമ്പില്‍, വേങ്ങോളി എന്നിവിടങ്ങളില്‍ പുതിയ പാലം നിര്‍മിച്ചിട്ടുണ്ട്. എടച്ചേരി കളിയാംവെള്ളി പാലത്തിന് ഭരണാനുമതിയും ലഭ്യമായി. തിരുവള്ളൂരിലെ കന്നിനട പാലമാണ് പുതുക്കിപ്പണിയാനുള്ള മറ്റൊരു പാലം.