കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി
സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരലിന് ഇന്ത്യയ്ക്കകത്തും വിദേശത്തും ജോലി ചെയ്യുന്ന ഒട്ടേറെേപ്പേർ എത്തിച്ചേർന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ പലർക്കും വൈകാരിക നിമിഷങ്ങളാണ് സമ്മാനിച്ചത്. ചിലർ സ്കൂൾ കാലഘട്ടത്തിലെ മധുര സ്മരണകൾ പങ്കുവെച്ചപ്പോൾ മറ്റുചിലർ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദാരിദ്ര്യം തരണം ചെയ്ത് പഠിച്ച് ഉയർന്ന ജോലി നേടിയെടുത്തതിന്റെ സന്തോഷമായിരുന്നു പങ്കിട്ടത്.
തിരുവനന്തപുരം തൊഴിൽ വകുപ്പ് റിട്ട.സൂപ്രണ്ട് കെ.കെ. പ്രമീള ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല റിട്ട.സ്റ്റോർ കീപ്പർ വി.ധനിക് ലാൽ അധ്യക്ഷനായി.വി.കെ.ജയപ്രകാശൻ, ഡോ.പി.സോമസുന്ദരൻ, മുസ്തഫ കുന്നുമ്മൽ, പി.സി.അഖിലേഷ്, സി.പി.പോക്കർ, ടി.സുദർശൻ, സി.പി.ബിന്ദുമോൾ, കെ.ഷേർലി, കെ.ടി.ബിനു, ഹരികൃഷ്ണൻ, ശിവദാസൻ വെണ്ണക്കാട്, കെ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനും, ആരോഗ്യ പ്രശ്നങ്ങൾ കാരണം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കുന്നതിനും തീരുമാനമെടുത്താണ് ഒത്തുചേരൽ അവസാനിച്ചത്.