നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന് പരിശോധന റിപ്പോർട്ട് സൂചിപ്പിക്കുന്നു. മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിധനയിലാണ് നിപ പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം ഇന്ന് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ജൂൺ 28 ന് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ച പെൺകുട്ടി ജൂലൈ ഒന്നിനാണ് മരിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ മസ്‌തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നെന്ന് ഡോക്‌ടർമാർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്‌ടര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ഇതുവരെ 25 പേർ നിപ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.