കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യകച്ചവടത്തിനായി നിര്‍മിക്കുന്ന ആധുനിക ഷോപ്പിങ് മാളിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റ് നിര്‍മാണം, ചാലിയം ഫിഷിങ് വില്ലേജ് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്.
55.17 കോടി രൂപ ചെലവിട്ടാണ് മാര്‍ക്കറ്റ് നിര്‍മിക്കുക. കോര്‍പറേഷന്‍ വാടകക്കെടുത്ത സ്ഥലത്തേക്ക് മത്സ്യകച്ചവടക്കാരെ പുനരധിവസിപ്പിച്ചുവരികയാണെന്നും കോര്‍പറേഷന്‍ കണ്ടെത്തി നല്‍കിയ സ്ഥലത്ത് താല്‍ക്കാലിക സംവിധാനം ഒരുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതായും അധികൃതര്‍ അറിയിച്ചു.
2.50 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഫിഷറീസ് ട്രെയിനിങ് സെന്റര്‍ കം റീഹാബിലിറ്റേഷന്‍ സെന്ററിനായി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ കണ്ടെത്തിയ 26 സെന്റ് ഭൂമിയുടെ കൈമാറ്റ നടപടികള്‍ പുരോഗമിക്കുകയാണ്. ചാലിയം ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ സ്ഥാപിക്കുന്ന ഭൂമിക്ക് വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു. 84 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ഫിഷ് വെന്റിങ് കം ഫുഡ് ട്രക്ക് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും. മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം ഇടനിലക്കാരില്ലാതെ വിപണിയില്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.
യോഗത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സുധീര്‍ കിഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, അസി. ഡയറക്ടര്‍ ശ്രീജേഷ്, കോര്‍പറേഷന്‍ സെക്രട്ടറി യു കെ ബിനി, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി അശ്വതി, വനം വകുപ്പ് സീനിയര്‍ സൂപ്രണ്ട് എന്‍ എം ജോഷി പ്രസൂണ്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്യാംചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.