സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രബേഷനറി ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careers/current-openings ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ ജൂലൈ 14നകം അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് 750 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് പരമാവധി നാല് പ്രാവശ്യവും ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഏഴു പ്രാവശ്യവും പ്രബേഷനറി ഓഫിസർ റിക്രൂട്ട്മെന്റ് അഭിമുഖീകരിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പരീക്ഷയെഴുതാം.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം. മെഡിക്കൽ, എൻജിനീയറിങ് ബിരുദക്കാർക്കും ചാർട്ടേർഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് മുതലായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അവസാനവർഷ/സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. 30.09.2025ന് മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
1.04.2025ൽ 21 വയസ്സ് തികയണം. 30 വയസ്സ് കവിയാനും പാടില്ല. ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാർക്ക് മൂന്നു വർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിജ്ഞാപനത്തിലെ നിർദേശപ്രകാരം ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
2025 ജൂലൈ/ആഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷ, സെപ്റ്റംബറിൽ നടത്തുന്ന ഓൺലൈൻ മെയിൻ പരീക്ഷ, ഒക്ടോബർ/നവംബറിൽ നടത്തുന്ന സൈക്കോ മെട്രിക് ടെസ്റ്റ്, തുടർന്നുള്ള ഇന്റർവ്യൂ ആൻഡ് ഗ്രൂപ് എക്സർസൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാഘടനയും സിലബസും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ പ്രിലിമിനറി പരീക്ഷക്ക് ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരവും മെയിൻ പരീക്ഷക്ക് എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷകേന്ദ്രങ്ങളാണ്. പ്രബേഷനറി ഓഫിസർ തസ്തികയിലെ ശമ്പളനിരക്ക് 48,480-85,920 രൂപയാണ്. തുടക്കത്തിൽ അടിസ്ഥാന ശമ്പളത്തോടൊപ്പം നാല് അഡ്വാൻസ് ഇൻക്രിമെന്റ് കൂടി ലഭിക്കും. ഡി.എ, എച്ച്.ആർ.എ, സി.സി.എ, പ്രൊവിഡന്റ് ഫണ്ട്, കോൺട്രിബ്യൂട്ടറി പെൻഷൻ മുതലായ ആനുകൂല്യങ്ങളുമുണ്ട്. വർഷത്തിൽ ഏകദേശം 20.43 ലക്ഷം രൂപ ശമ്പളം ലഭിച്ചേക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുവർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന് കാണിച്ച് രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നൽകേണ്ടതുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവരെ ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ ഒന്നിൽ ഓഫിസറായി നിയമിക്കും. ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥമാണ്.