കൊയിലാണ്ടി: പൂക്കാടില്‍ പുതുതായി നിര്‍മ്മിച്ച അണ്ടര്‍പാസിന് മുകളിലൂടെ ബസുകള്‍ സർവ്വീസ് നടത്തുന്നതു കാരണം പൂക്കാട് ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ കടുത്ത പ്രയാസത്തില്‍. ദീര്‍ഘ ദൂര ബസുകാരില്‍ ചിലരാണ് ഇത്തരത്തില്‍ സര്‍വ്വീസ് റോഡ് ഒഴിവാക്കി പുതുതായി നിര്‍മ്മിച്ച ആറ് വരി പാതയിലൂടെ ഓടുന്നത്. കണ്ണൂര്‍,തലശ്ശേരി, വടകര, പയ്യോളി, കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്ന് ദീര്‍ഘദൂര ബസ്സില്‍ കയറി പൂക്കാട് ഇറങ്ങി പരിസര പ്രദേശത്തേക്ക് പോകേണ്ട ആളുകളെ ദേശീയപാതയുടെ നടുവിലോ, ഇല്ലെങ്കില്‍ തിരുവങ്ങൂരോ ഇറക്കുകയാണ് ദീര്‍ഘ ദൂര ബസ്സുകള്‍ ചെയ്യുന്നത്.
യാത്രക്കാരുടെ ഭാഗത്ത് നിന്നുളള ഒറ്റപ്പെട്ട പ്രതിഷേധം ബസ് ജീവനക്കാര്‍ ഗൗനിക്കാറില്ലെന്ന് മാത്രമല്ല, യാത്രക്കാരോട് കയര്‍ക്കുകയാണ് ചെയ്യുന്നത്. രാത്രികാലങ്ങളില്‍ കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ഹ്രസ്വദൂര ബസ്സുകള്‍ കുറവാണ്. കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍ നിന്ന് എട്ട് മണിവരെ മാത്രമാണ് ബസ്സുളളത്. പിന്നീട് ദീര്‍ഘദൂര ബസ്സുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുക. ഈ സമയത്ത് പ്രായമായവരെയും, സ്ത്രീകളെയും കുട്ടികളെയും വഴിയില്‍ ഇറക്കി വിടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി വൈ എഫ് ഐ ചേമഞ്ചേരി മേഖലാ കമ്മിറ്റി പറഞ്ഞു.
പൂക്കാടിലെയും പരിസര പ്രദേശത്തേയും ജനങ്ങളാണ് ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസ് റോഡിലൂടെ പോകാതെ അണ്ടര്‍പാസിന് മുകളിലൂടെ പുതിയ ദേശീയപാത വഴി സർവ്വീസ് നടത്തുന്നതുകൊണ്ട് കഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് അധികൃതര്‍ക്കും കൊയിലാണ്ടി പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി വൈകിയാല്‍ ഡിവൈഎഫ്‌ഐ സമര രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സര്‍വ്വീസ് റോഡ് ഓഴിവാക്കി ഓടാന്‍ ശ്രമിച്ച ചില ബസുകളെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു, യാത്ര സര്‍വ്വീസ് റോഡ് വഴിയാക്കി.