കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന സർക്കാരുകൾ അനുവദിക്കുകയും ചെയ്ത അഞ്ചു വർഷ ശമ്പള പരിഷ്കരണം അടിമറിച്ച പിണറായി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ അനിശ്ചിതകാല പണിമുടക്കിന് ജീവനക്കാർ നേതൃത്വം നൽകണമെന്ന് കെ എസ് യു മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത് പറഞ്ഞു. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ എൻജിഒ അസോസിയേഷൻ നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായി പട്ടിണി കഞ്ഞി വെച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ക്ഷാമബത്താ കുടിശ്ശിക സർവ്വകാല റിക്കാർഡ് ആണ്. മെഡിസെപ്പ് തട്ടിപ്പായി അവശേഷിക്കുന്നു. ലീവ് സറണ്ടർ അനുകൂല്യം അഞ്ചുകൊല്ലമായി നിഷേധിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാതെ എൻ പി എസ് കാരെ വഞ്ചിച്ചു. ഈ സാഹചര്യത്തിലും സംസ്ഥാന സർക്കാരിന് പിന്തുണ നൽകുന്ന എൻജിഒ യൂണിയൻ്റെ തൊലിക്കട്ടി അപാരമാണെന്നും അഭിജിത്ത് പറഞ്ഞു.
എൻജിഒ അസോസിയേഷൻ പ്രസിഡൻ്റ് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി എസ് ഉമാശങ്കർ, സംസ്ഥാന ട്രഷറർ കെ പ്രദീപൻ , ജില്ലാ സെക്രട്ടറി കെ ദിനേശൻ , സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ബിനു കോറോത്ത്, വി.പി.രജീഷ്കുമാർ,ജില്ലാ ട്രഷറർ എം ഷാജിവ് കുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബിന്ദു , വി പ്രദീഷ്, മുരളീധരൻ കമ്മന, ബി എൻ ബൈജു , ഇ സുരേഷ് ബാബു , ജില്ലാ ഭാരവാഹികളായ സന്തോഷ് കുനിയിൽ, പി.പി.പ്രകാശൻ,കെ പി അനീഷ്കുമാർ, ഒ സൂരജ്, ഷാജി മനേഷ് , പി കെ സന്തോഷ്, യു ജി ജ്യോതിസ്, യു എസ് വിശാൽ, പ്രദീപ് സായ്‌വേൽ,ടി.ജൂബേഷ്,കെ.രാമചന്ദ്രൻ,ബിജേഷ്,പ്രജീഷ്,ലജീഷ് കുമാർ,ആദർശ് തുടങ്ങിയവർ സംസാരിച്ചു.