യുവത തൊഴിൽദായകരാകണം; കേരളം വ്യവസായ സൗഹൃദ സംസ്ഥാനം: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ

കോഴിക്കോട്: “കേരളത്തിൽ നിലവിലുള്ളത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ്. യുവത തൊഴിലന്വേഷകരല്ല, തൊഴിൽദായകരായി മാറുകയാണ് വേണ്ടതെന്നും” – എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെയും (ICAI), ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്.എം.ഇ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതുതലമുറയുടെ കഴിവുകൾ ക്രിയാത്മക മേഖലകളിലേക്ക് തിരിച്ചുവിടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ഇൻവസ്റ്റേഴ്‌സ് മീറ്റിൽ ജില്ലയിലെ മുതിർന്ന സംരംഭകരെ ആദരിച്ചു. പരമ്പരാഗത കരകൗശല മേഖലയിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ICAI കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ സി.എ. സച്ചിൻ ശശിധരൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു, കാത്തലിക് സിറിയൻ ബാങ്ക് (റിട്ട.) അസി. ജനറൽ മാനേജർ ബാബു ജെ കാവലക്കാട്ട്, കെഎസ്എസ്ഐഎ പ്രസിഡന്റ് ഇസഹാഖ് കളത്തിങ്കൽ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ എ. ജ്യോതി, എൻ. വിനോദ് എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published.