ശബരിമലയില്‍ റോപ്പ് വേ യാഥാര്‍ത്ഥ്യമാകുന്നു. പമ്പയുടെ ഹിൽടോപ്പിൽനിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ ദൈർഘ്യത്തിലാണ് റോപ്പ് വേ ഒരുക്കുന്നത്. നടന്നു കയറാൻ കഴിയാത്ത ഭക്തരെ ഡോളി വഴി ചുമന്നു കൊണ്ടുപോകുന്ന രീതിക്ക് പരിഹാരമായാണ് പദ്ധതി. വിശദ പദ്ധതി രേഖ ഉടൻ തയ്യാറാക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പദ്ധതിക്ക് കോടതിയുടെ അനുമതി ലഭ്യമായിട്ടുണ്ട്. ദേവസ്വം, വനം, റവന്യു മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നിലവിലുണ്ടായിരുന്ന തടസങ്ങൾ നീക്കി.
വനഭൂമി വിട്ടുനല്‍കുന്നതിന് പകരമായി ഇടുക്കിയില്‍ ദേവസ്വം ഭൂമി വനം വകുപ്പിന് നല്‍കും. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ഡല, മകരവിളക്ക് മഹോത്സവങ്ങൾ പരാതിരഹിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു. എത്തിച്ചേരുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും. പാർക്കിങ് സൗകര്യം ഉൾപ്പെടെ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.