തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 144 വനിതാ പോലീസ് കോൺസ്റ്റബിൾമാർ കൂടി സേനയുടെ ഭാഗമായി.
പോലീസിലേക്ക് കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യാനും സേനയിൽ അവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനുമുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുകയെന്നത് സർക്കാരിന് ഏറ്റവും പ്രാധാന്യമുള്ളതാണ്.
ഈ ഉദ്ദേശത്തോടെയാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലം മുതൽ കൂടുതൽ വനിതകളെ സേനയിലേക്ക് റിക്രൂട്ട് ചെയ്തതും 2017 ൽ വനിതാ സായുധ ബറ്റാലിയന് രൂപം നൽകിയതും. അതിൻറെ ഭാഗമായുള്ള റിക്രൂട്ട്മെൻറിൽ പെട്ടതാണ് ഇപ്പോൾ പരിശീലനം പൂർത്തിയാക്കിയ ബാച്ചും.
മേനംകുളം ആസ്ഥാനമായുള്ള വനിതാ പോലീസ് ബറ്റാലിയനിലേക്കാണ് പരിശീലനം പൂർത്തിയാക്കിയവർ ഭാഗമാകുന്നത്. സേനാംഗങ്ങളിൽ ബിരുദാനന്തര ബിരുദധാരികളായ 40 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദധാരികളായ 78 പേരും ബിടെക് ബിരുദധാരികളായ 13 പേരും ബി.എഡ് ബിരുദധാരികളായ 7 പേരും പ്ലസ്ടു യോഗ്യതയുള്ള മൂന്ന് പേരും ഡിപ്ലോമ യോഗ്യതയുള്ള ഒരാളുമാണ് ഉള്ളത്.