മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ

കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് വീടുകളില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മൂട്ടോളി അങ്കണവാടിയിലും മറ്റൊരു കുടുംബത്തെ ബന്ധുവീട്ടിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ക്യാമ്പിലുള്ളത്. പെരുവയല്‍ വില്ലേജില്‍ കൊളക്കാട്ട് മീത്തല്‍ മുഹമ്മദ് മുസ്തഫയുടെ വീടിനു മുകളില്‍ മരം വീണു.

മടവൂര്‍ വില്ലേജില്‍ മുട്ടാഞ്ചേരി ഭാഗത്ത് ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഏതാനും വീടുകള്‍ക്ക് ചെറിയ കേടുപാടുകളുണ്ടായി. അരങ്ങില്‍ത്താഴത്ത് ശക്തമായ കാറ്റില്‍ വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. ഇവിടെ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കൊയിലാണ്ടി താലൂക്കില്‍ പന്തലായനി വില്ലേജില്‍ 32-ാം വാര്‍ഡില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടു കുടുംബങ്ങളെ കോതമംഗലം ജി എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. രണ്ടു കുടുംബങ്ങളിലെ മൂന്ന് പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍, ഒരു കുട്ടി ഉള്‍പ്പെടെ 6 പേരാണ് ക്യാമ്പിലുള്ളത്.

ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും വടകര താലൂക്കില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വടകര വില്ലേജില്‍ നാലും ആയഞ്ചേരി, കോട്ടപ്പള്ളി വില്ലേജുകളിലായി ഓരോ വീടുകളുമാണ് തകര്‍ന്നത്.

തൂണേരി വില്ലേജിലെ തൂണേരി എഫ്എച്ച്‌സിക്ക് സമീപം പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌ക്കൂള്‍ കെട്ടിടത്തിന് മുകളിൽ തൊട്ടടുത്തുള്ള അഞ്ച് മീറ്റര്‍ ഉയരത്തിലുള്ള മതില്‍ തകര്‍ന്നുവീണ് അടുക്കള ഭാഗത്ത് കേടുപാടുകളുണ്ടായി. ഏറാമല വില്ലേജില്‍ ആദിയൂരില്‍ കക്കാട്ടു പറമ്പത്ത് ദിലീപ് കുമാറിന്റെ വീട്ടു മുറ്റത്തുള്ള കിണര്‍ രണ്ട് മീറ്റര്‍ താഴ്ന്നു.

Leave a Reply

Your email address will not be published.