പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന വിവരം തെളിവുസഹിതം നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക ഉയര്‍ത്തി. വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. വിവരം നല്‍കുന്നവര്‍ക്ക് ഇതുവരെ 2500 രൂപയായിരുന്നു നല്‍കിയിരുന്നത്. വിവരം അറിയിക്കുന്നവര്‍ക്ക് ഈ തുക കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹരിതകര്‍മസേനാംഗങ്ങള്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ അയ്യായിരം രൂപയും മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയത്തിലേക്കോ ഒഴുക്കിയാല്‍ അയ്യായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയുമാണ് പിഴ. ചവറോ വിസര്‍ജ്യവസ്തുക്കളോ ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. 9446700800 എന്ന നമ്പറില്‍ മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച പരാതികളും വിവരങ്ങളും പങ്കുവയ്ക്കാം.