കൈതക്കൽ- മരുതേരി റോഡിൽ വാരിക്കുഴി; ഗതാഗതം ദുസ്സഹം

പേരാമ്പ്ര  കൈതക്കൽ- മരുതേരി റോഡ് ടാർ പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതം ദുസ്സഹമായി. പുറ്റാട് അങ്കണവാടിക്ക് സമീപമാണ് പ്രശ്നം ഏറ്റവും രൂക്ഷം. വളവും കുത്തനെയുള്ള കയറ്റവും ഒരുമിച്ചു വരുന്ന ഇവിടെ ഒന്നിലേറെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഇടയ്ക്ക് മണ്ണും ക്വാറി വേസ്റ്റും കൊണ്ട് താത്കാലികമായി കുഴിയടച്ചെങ്കിലും മഴയിൽ ഒലിച്ചു പോയി.

പുറ്റാട് യു.പി. സ്കൂൾ, മരുതേരി എ എം. എൽ. പി സ്കൂൾ, പുറ്റാട് അങ്കണവാടി, നടുക്കണ്ടിപ്പാറ ഹെൽത്ത് സെൻ്റർ, ചെറുകാശി ശിവക്ഷേത്രം, മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രം, എന്നിവിടങ്ങളിലെത്താൻ ആളുകൾ ഉപയോഗിക്കുന്ന പ്രധാന റോഡിൽ കാൽനട യാത്ര പോലും ദുഷ്കരമാണ്. പേരാമ്പ്രയിൽ നിന്ന് ഇതു വഴി നടുക്കണ്ടിപ്പാറയിലേക്ക് സർവീസ് നടത്തുന്ന ജനകീയം ജീപ്പ് റോഡിൻ്റെ ശോച്യാവസ്ഥ കാരണം ഇടക്കിടെ വർക്ക് ഷോപ്പിലാകുന്ന അവസ്ഥയാണ്. നൊച്ചാട് പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെടുന്ന ഭാഗമാണിത്. റോഡിന് എം. എൽ. എ ഫണ്ട് പാസ്സായിട്ടുണ്ടെന്നും ഫണ്ട് കിട്ടുന്നതിലെ കാലതാമസമാണ് പണി വൈകാൻ കാരണമെന്നുമാണ് വാർഡ് മെമ്പർ ശോഭന വൈശാഖ് പറയുന്നത്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published.