പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത: വനത്തിനുള്ളില്‍ ജിപിആര്‍എസ് സര്‍വേക്ക് അനുമതി

വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ചുരമില്ലാ പാതയായ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയുടെ ജിപിആര്‍എസ് സര്‍വേക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി. പൂഴിത്തോട് മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പരിധിയിലെ വനത്തിനുള്ളിലാണ് സര്‍വേ നടത്തുക. യന്ത്രസംവിധാനങ്ങള്‍ ആവശ്യമില്ലാത്തതിനാലാണ് ജിപിആര്‍എസ് സര്‍വേക്ക് അനുമതി നല്‍കിയത്.

നിലവില്‍ കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തി വരെയുള്ള ഭാഗത്തെയും വയനാട് ജില്ലയിലെയും സാധ്യതാ പരിശോധനയും സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. റോഡ് നിര്‍മാണത്തിന് സഹകരണം ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നല്‍കിയ കത്തില്‍ തീരുമാനം വൈകിയതിനെത്തുടര്‍ന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെടുകയായിരുന്നു. മെയ് 22ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ടൈഗര്‍ സഫാരി പാര്‍ക്കുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടത് പ്രകാരമാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് ജിപിആര്‍എസ് സര്‍വേക്ക് വനം വകുപ്പ് അനുമതി നല്‍കിയത്.

സസ്യ ജന്തുജാലങ്ങള്‍ക്ക് ദോഷകരമാവുന്ന രീതിയില്‍ സര്‍വേ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. സൂര്യോദയം കഴിഞ്ഞും സൂര്യാസ്തമയത്തിന് മുമ്പുമുള്ള സമയങ്ങളില്‍ സര്‍വേ നടത്തണം. സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published.