ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരു മാസം മുമ്പേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വംബോർഡ് ഉപേക്ഷിക്കുന്നു

ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസം മുമ്പേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. നിർമാണപ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം ‘ഫ്രഷ്’ അരവണ തയ്യാറാക്കി വില്‍ക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തില്‍ അരവണയില്‍ നിന്നാണ് ബോർഡിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്.

200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തില്‍ അരവണയുടെ വിറ്റുവരവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിൻ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിൻവരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുമ്പ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ദിവസേന മൂന്നരലക്ഷം ടിൻ ഉത്പാദനമാണ് ലക്ഷ്യം. നവംബർ പകുതിയോടെ ആരംഭിക്കുന്ന തീർഥാടനത്തിന് ഒരുമാസം മുമ്പുതന്നെ അരവണ തയ്യാറാക്കിത്തുടങ്ങാറുണ്ട്. 40 ലക്ഷം ടിന്നെങ്കിലും കരുതിവെക്കും. ഇതിന് ആവശ്യമായിവരുന്ന ഇരുന്നൂറോളം ജീവനക്കാരുടെ വേതനം, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് ഒഴിവാക്കാനും പ്ലാന്റിന്റെ ശേഷി കൂട്ടുന്നതുവഴി സാധിക്കും.

പ്ലാന്റില്‍നിന്ന് മാളികപ്പുറത്തെ വിതരണ കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കുന്നത് ട്രാക്ടറുകളിലാണ്. സന്നിധാനത്ത് ട്രാക്ടറോട്ടം ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍വെയർ ബെല്‍റ്റ് സംവിധാനത്തിലൂടെ നിർമാണപ്ലാന്റില്‍നിന്ന് കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കാനും ബോർഡ് നടപടി തുടങ്ങി. രണ്ടു ട്രേകളിലായി ഒരുമിനിറ്റില്‍ 500 ടിൻ അരവണയെത്തിക്കുന്ന കണ്‍വെയർ ബെല്‍റ്റ് സ്ഥാപിക്കാൻ അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി.

Leave a Reply

Your email address will not be published.