പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ മാല മോഷ്ടിച്ച മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻകാട് കപൂർ സ്വദേശി ഹരികൃഷ്ണൻ ആണ് (37) പിടിയിലായത്. 13 ഗ്രാം സ്വർണ മാലയാണ് ഇയാൾ മോഷ്ടിച്ചത്.
മൂന്നുമാസം മുമ്പാണ് ഹരികൃഷ്ണൻ പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിൽ മേൽശാന്തിയായി ചുമതലയേറ്റത്. ഏതാനും ദിവസമായി വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല കാണാതായിരുന്നു. ക്ഷേത്രം ഭാരവാഹികൾ മേൽശാന്തിയോട് അന്വേഷിച്ചപ്പോൾ കളഭം ചാർത്തിയതിൻ്റെ അടിയിലാണ് മാലയെന്നായിരുന്നു അന്ന് മറുപടി നൽകിയത്. സംശയം തോന്നിയ ഭാരവാഹികൾ ഇന്നലെ വൈകുന്നേരം ഹരികൃഷ്ണനെ പോകാൻ അനുവദിക്കാതെ തടഞ്ഞുവച്ച് പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽശാന്തിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വിഗ്രഹത്തിൽ നിന്ന് എടുത്ത മാല ഒരു ജ്വല്ലറിയിൽ പണയം വച്ചെന്ന് മേൽശാന്തി പൊലീസിന് മൊഴി നൽകി. ഇത് കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് കാര്യസാധ്യത്തിനായി പലപ്പോഴും സ്വർണം ചാർത്താൻ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
