ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിന്റെ വടക്കുഭാഗത്ത് നിലവിലുള്ള മേൽപ്പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള അണ്ടർ പാസിൽ നിന്ന് സർവ്വീസ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴുള്ള ബുദ്ധിമുട്ടും, ചേലിയ റോഡിലൂടെ കടന്ന് വരുന്ന വാഹനങ്ങൾക്ക് കൊയിലാണ്ടി ഭാഗത്തേക്ക് കടന്ന് പോകാൻ പൊയിൽക്കാവ് വരെ പോയി തിരിച്ച് വടക്കോട്ടുള്ള സർവ്വീസ് റോഡിൽ പ്രവേശിച്ച് പോകേണ്ടുന്ന അവസ്ഥയെയും, കാൽ നടയാത്രക്കാർക്കുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ശ്രീ. ഷാഫി പറമ്പിൽ എം.പി സ്ഥലം സന്ദർശിച്ചു.
വാഹന ഗതാഗതത്തിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് എൻ.എച്ച്.എ.ഐ അധികൃതരുമായി സ്ഥലത്ത് വെച്ച് തന്നെ ഫോണിൽ സംസാരിക്കുകയും, സ്ഥലം സന്ദർശിച്ച് അടിയന്തിരമായ പരിഹാര നടപടികൾ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരൻ തൊറോത്ത്, മണ്ഡലം പ്രസിഡണ്ട് വി.പി. പ്രമോദ്, പവിത്രൻ പെരുമ്പിൽ, പി. ശ്രീസുതൻ, റൗഫ് പറമ്പിൽ, അമൽചൈത്രം എന്നിവർ പ്രസ്തുത സ്ഥലത്തെ ബുദ്ധിമുട്ടുകൾ എം.പിക്ക് വിശദീകരിച്ച് കൊടുത്തു.