ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി പമ്പ പൊലീസ്

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി പമ്പ പൊലീസ്. ഇക്കഴിഞ്ഞ സീസണ്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊലീസ് സൈബര്‍ ഹെല്‍പ് ഡെസ്‌ക്കാണ് ദൗത്യത്തിന് പിന്നില്‍. കഴിഞ്ഞ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തി മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന പരാതിയുമായി 230 പേരാണ് പൊലീസിനെ സമീപിച്ചത്. ഇവയില്‍ ഉള്‍പ്പെട്ട നൂറിലധികം ഫോണുകളാണ് കണ്ടെത്തി തിരികെ നല്‍കിയത്.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി. തിരികെ കിട്ടിയ ഫോണുകള്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൊറിയര്‍ മുഖേന ഇവ അയച്ചുകൊടുത്തു. ഇത്തരത്തില്‍ മേയ് മാസത്തില്‍ മാത്രം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ആറരലക്ഷത്തോളം രൂപ വില വരുന്ന 25 ഫോണുകള്‍ കൂട്ടത്തില്‍പ്പെടും.

പോര്‍ട്ടലിലൂടെ ട്രാക്ക് ഫോണുകള്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നഷ്ടപ്പെടുന്ന ഫോണുകള്‍ മിക്കതും ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സ്ഥലങ്ങളില്‍ നിന്നാണ് തിരികെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഫോണുകള്‍ ട്രേസ് ആയിട്ടുള്ള പ്രദേശങ്ങളായ കമ്പം, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും, സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.