വിഴിഞ്ഞത്ത് സെക്യൂരിറ്റി സ്റ്റാഫ്‌ ഇന്റർവ്യു ; പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് അധികൃതർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്  സെക്യൂരിറ്റി സ്റ്റാഫിന് വേണ്ടിയുള്ള അഭിമുഖം നടക്കുന്നതായി ഒരു അറിയിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികകളിലേക്ക് ജൂൺ 17ന് അഭിമുഖം നടക്കുന്നതായാണ് അറിയിപ്പിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ സഹിതമാണ് സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിക്കുന്നത്. എന്നാൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഇത്തരത്തിലൊരു ഇന്റർവ്യൂ അറിയിപ്പ് പുറത്തുവിട്ടില്ലെന്നിരിക്കെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് അധികൃതർ അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയ പേജുകളിലോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. വെബ്‌സൈറ്റിൽ വ്യാജ തൊഴിൽ റിക്രൂട്ട്‌മെന്റ് സന്ദേശങ്ങൾ സംബന്ധിച്ച് വിഴിഞ്ഞം തുറമുഖ ഡയറക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നൽകി പണം തട്ടുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാകരുതെന്നും വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്‌സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കും മറ്റുള്ള സന്ദേശങ്ങൾ അവഗണിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.