പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ ഇത്തവണ ഒരു കുട്ടിപോലും പ്രവേശനം നേടാനെത്തിയില്ല; മുക്കാല്‍ നൂറ്റാണ്ടായി അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂളിന് താഴുവീണു

പേരാമ്പ്ര: പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ ഇത്തവണ ഒരു കുട്ടിപോലും പ്രവേശനം നേടാനെത്തിയില്ല. കുറച്ചുകാലമായി  വളരെ കുറച്ച് കുട്ടികള്‍മാത്രം പഠിച്ചിരുന്ന പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ കഴിഞ്ഞ തവണ മൂന്നാം തരത്തിലുണ്ടായിരുന്ന കുട്ടി മറ്റൊരു സ്‌കൂളിലേക്ക് ടിസി വാങ്ങിപ്പോവുകയും ചെയ്തതോടെ മുക്കാല്‍നൂറ്റാണ്ടായി അക്ഷര വെളിച്ചം പകര്‍ന്ന സ്‌കൂളിന് താഴുവീണു.

ആരെങ്കിലും പ്രവേശനം നേടാന്‍ എത്തുമെന്ന പ്രതീക്ഷയോടെ പ്രധാനാധ്യാപികയായിരുന്ന എം.വി. ഷൈമലത രാവിലെത്തന്നെ സ്‌കൂളിലെത്തി ഓഫീസ് മുറി തുറന്നിരുന്നു.  ആരും വരാത്തതിനാല്‍ പിന്നീട് മുറി പൂട്ടിയിറങ്ങി. ഷൈമലത ടീച്ചറെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിനിയമിച്ചിട്ടുണ്ട്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ അധ്യാപകര്‍ ആരെയും ഇത്തവണ നിയമിച്ചിരുന്നില്ല. വിവരം ഡിഡിഇക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും പ്രാദേശികതലത്തില്‍ സ്‌കൂള്‍ നിലനിര്‍ത്താന്‍ ഒരുശ്രമംകൂടി നടത്തുന്നുണ്ടെന്നും പേരാമ്പ്ര എഇഒ കെ.വി. പ്രമോദ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തില്‍ ചൊവ്വാഴ്ച (ഇന്ന്) പ്രദേശത്ത് സര്‍വകക്ഷിയോഗം ചേരുന്നുണ്ട്.

Leave a Reply

Your email address will not be published.