വീണ്ടുവിചാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കണമെന്നും ജെഎസ് അടൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
യു കെയിലും യൂറോപ്പിലും കാനഡയിലും എല്ലാം പഠനം കഴിഞ്ഞു നല്ല ജോലി കിട്ടും, പെട്ടന്ന് പി ആര്‍ കിട്ടും, ഉടനെ സിറ്റിസണ്‍ ഷിപ്പ് കിട്ടും എന്നൊക്ക ഇപ്പോള്‍ കൊട്ടേജ് ഇന്റ്സ്സ്ടറിയായ വിദേശത്തു മൂന്നാം കിട ‘യൂണിവേഴ്‌സിറ്റി’ കളുടെ കമീഷന്‍ ഏജന്റുമാര്‍ പറയുന്നത് കേട്ട് ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കുക. കാരണം ഇപ്പോള്‍ യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ റിക്രൂറ്റ്‌മെന്റ് ഫ്രീസ് ആണ്. അതായത് നല്ല പ്രൊഫെഷനല്‍ ജോലി കിട്ടാനുള്ള സാധ്യത 10% പോലും ഇല്ല- കുറിപ്പില്‍ പറയുന്നു.
യു കെയിലും മറ്റു പലയിടത്തും ഇവിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്ന മിനിമം വേജ് ജോലിയാണ് ഇവിടെ നിന്ന് പോയി അവിടെ അകപ്പെട്ട പല വിദ്യാര്‍ത്ഥികളും ചെയ്യുന്നത്. വീടുകള്‍ കുറവ് ആയതിനാല്‍ വാടകയും ജീവിത ചെലവും കൂടി. ശമ്പളം അതിന് അനുസരിച്ചു കൂടുന്നും ഇല്ല.