കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയിലെ മിക്ക വീടുകളുടെയും മുറ്റത്ത് കാട് വളരുകയാണ്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് താമസം വാടക വീടുകളിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് പലരും സ്വന്തം വീടും കിടപ്പാടവും വിട്ട് പോയിരിക്കുകയാണ്. രണ്ടും മൂന്നും ആഴ്ചകള്‍ കൂടുമ്പോള്‍ ഒന്നു വന്നു നോക്കും. മുറ്റവും അകവും അടിച്ചു വൃത്തിയാക്കി വീണ്ടും വാടക വീട്ടിലേക്ക് പോകും.വീടിന്റെ തറയും ചുമരും വിണ്ടു കീറി കിടപ്പാണ്.ദേശീയപാതാധികൃതര്‍ സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കിയാല്‍,ആ തുക കൊണ്ട് മറ്റ് എവിടെയെങ്കിലും സ്ഥലം വാങ്ങി വീട് വെക്കാമായിരുന്നുവെന്നാണ് കുന്ന്യോറമലയിലെ വയോധികയായ പത്മനി പറയുന്നത്.
വീടിന്റെ തറയിലും ചുമരിലും വിളളല്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് പുഷ്പ ഭാസ്‌ക്കരനും കുടുംബവും സ്വന്തം വീട്ടില്‍ നിന്ന് താമസം മാറ്റിയത്. വീടിന്റെ ടൈല്‍ പാകിയ നിലമെല്ലാം വിണ്ടു കീറിയിട്ടുണ്ട്. വന്‍ തുക ചെലവഴിച്ച് കുഴിച്ച കുഴല്‍ കിണര്‍ ഉപയോഗ ശൂന്യമാണിപ്പോള്‍. ഒട്ടെറെ കുടുംബങ്ങള്‍ വെളളം ശേഖരിച്ചിരുന്ന കിണറായിരുന്നു ഇത്. സോയില്‍ നെയ്‌ലിംങ്ങിനായി മണ്‍ഭിത്തി തുരന്ന് 15 മീറ്ററോളം ഉളളിലേക്ക് കമ്പി തുരന്ന് കയറ്റിയതോടെയാണ് റോഡ് വക്കിലെ കിണറിന് നാശമുണ്ടായത്. കുന്ന്യോറമലയില്‍ ഓട് പാകിയ ഗോപാലന്റെ വീടിനും വിളളലുണ്ട്. ഇദ്ദേഹവും താമസം മാറ്റിയിരിക്കുകയാണ്.
കുന്നിടിയുന്നത് തടയാന്‍ സോയില്‍ നെയ്‌ലിംങ് ചെയ്ത സ്ഥലത്തിന് മുകളില്‍ മൂന്ന് നാലിടങ്ങളിലായി വിളളല്‍ രൂപം കൊണ്ടിട്ടുണ്ട്. വിളളല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചാല്‍ ഏത് നേരവും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴ കനക്കുന്നത് ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
അപകട ഭീഷണിയുളള മുഴുവന്‍ പേരുടെയും വീടുകള്‍ ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഇവര്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിട്ടു.
കുന്ന്യോറമലയിലെ അപകട ഭീഷണിയുളള മുഴുവന്‍ സ്ഥലവും എന്‍എച്ച്എഐ ഏറ്റെടുക്കണം-സിപിഎം ഏരിയാ കമ്മിറ്റി
കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിയല്‍ ഭീഷണി നിലനില്‍ക്കുന്ന റോഡിന്റെ ഇരു വശത്തേയും സ്ഥലം എന്‍എച്ച്എഐ ഏറ്റെടുക്കണമെന്ന് സിപിഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നേരത്തെ തന്നെ സിപിഎം ഏരിയാ കമ്മിറ്റി ഉന്നയിച്ചതാണ്. അപകടാവസ്ഥ ഒഴിവാക്കാന്‍ റോഡിന്റെ ഇരുവശത്തെയും ഭൂമി ഏറ്റെടുത്ത് തട്ട് തട്ടായി ഇടിക്കുകയാണ് വേണ്ടത്. ഇതിനാവശ്യമായ സ്ഥലം എന്‍എച്ച്എഐ അധികൃതര്‍ മാര്‍ക്ക് ചെയ്തു കൊടുക്കണം. ശേഷം റവന്യു വകുപ്പ് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അടിയന്തിരമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. റോഡിന് ഇരുവശത്തെയും ഇടിയാന്‍ സാധ്യതയുളള സ്ഥലം ഏറ്റെടുത്തില്ലെങ്കില്‍ ,ഇതു വഴിയുളള വാഹന ഗതാഗതത്തിന് വലിയ ഭീഷണിയാവും.
കുന്ന്യോറമലയിലെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം-ബിജെപി
കൊയിലാണ്ടി: കുന്ന്യോറ മലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്തെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതാധികൃതര്‍ക്ക് കൈമാറണമെന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു.കൊല്ലം കുന്ന്യോറ മലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദഹം. നിലവില്‍ കുന്ന്യോറ മലയില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം അശാസ്ത്രീയവും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതുമാണ്. വാഗാര്‍ഡ് എന്ന കമ്പനി പ്രവര്‍ത്തി നടത്തുന്ന അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള പ്രവര്‍ത്തിയില്‍ വ്യാപകമായ ക്രമക്കേടുണ്ട്. അപകട ഭീഷണിയേ തുടര്‍ന്ന് മാറി താമസിക്കേണ്ടി വന്ന പ്രദേശവാസികളുടെ വീട് വാടക കഴിഞ്ഞ ഏഴ് മാസമായി മുടങ്ങിയ അവസ്ഥയിലാണ്.വാടക കുടിശ്ശിക ഉടന്‍ കൈമാറണമെന്നും അദ്ദേഹം ആവസ്യപ്പെട്ടു. കോഴിക്കോട് നോര്‍ത്ത് ജില്ല ജന സെക്രട്ടറി എസ്.ആര്‍.ജയ്കിഷ്, ജില്ല വൈസ് പ്രസിഡന്റുമാരായ അഡ്വ വി.സത്യന്‍, വി.സി. ബിനീഷ് എന്നിവരും കൂടെയുണ്ടായിരുന്നു.