കോഴിക്കോട് ജില്ലയുടെ പുഷ്പമായി അതിരാണിയെയും (മെലസ്ടൊമ മലബത്രികം), പക്ഷിയായി മേനിപ്പൊന്മാനെയും (സെയിക്സ് എരിതാക്ക) പ്രഖ്യാപിച്ചു. മലബാര്‍ റോസാണ് (പാച്ച്ലിയോപ്ട പാണ്ടിയാന) ജില്ലയുടെ ശലഭം. വൃക്ഷമായി ഈയ്യകത്തെയും (ഹോപ്പിയ ഇറോസ), പൈതൃക വൃക്ഷമായി ഈന്തിനെയും (സയ്ക്കാസ് സിര്‍സിനാലിസ്), ജലജീവിയായി നീര്‍നായയെയും (ലുട്‌റോഗാലെ പെര്‍സ്പിസില്ലാറ്റ), മത്സ്യമായി പാതാള പൂന്താരകനെയും (പാന്‍ചിയോ ഭൂചിയ), മൃഗമായി ഈനാംപേച്ചിയെയും (മാനിസ് ക്രാസികൗഡാറ്റ) പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനമാണ് കോഴിക്കോട് നടന്നത്. രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട്ട് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ജൈവവൈവിധ്യ പ്രഖ്യാപനം നടന്നിരുന്നെങ്കിലും ജനകീയ പഠനത്തിലൂടെ പ്രഖ്യാപനം നടത്തുന്നത് ഇതാദ്യമായാണ്.
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക വിദഗ്ധ സമിതികള്‍ക്ക് രൂപം നല്‍കുകയും അവരുടെ മേല്‍നോട്ടത്തില്‍ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബിഎംസി) യൂനിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശിക തലങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും വിശദമായ പഠനത്തിനും വിശകലനത്തിനും വിധേയമാക്കുകയും ചെയ്ത ശേഷമാണ് പ്രഖ്യാപനം.
പഞ്ചായത്ത്തല ജൈവ വൈവിധ്യ സമിതികള്‍ വഴിയും പരമ്പരാഗതവും നൂതനവുമായ മാധ്യമ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിച്ച ശേഷമായിരുന്നു ഇത്. പ്രസ്തുത മേഖലയിലെ തല്‍പരരെയും ജില്ലയിലെ വിവിധ കോളേജുകളിലെ ജൈവ പഠന മേഖലയിലെ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുള്ള ശില്‍പശാലകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സ്വരൂപിച്ച നാമനിര്‍ദേശങ്ങളുടെ ചരിത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രാധാന്യം കണക്കിലെടുത്താണ് വിവിധ ഇനം സ്പീഷിസുകളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ശാസ്ത്രീയവും നിയമപരവുമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡാണ് അന്തിമ പട്ടിക തയാറാക്കിയത്.
ശുദ്ധജലവും ഭക്ഷണവും ആരോഗ്യകരമായ ജീവിതാന്തരീക്ഷവും ഉറപ്പാക്കാന്‍ കൂട്ടായ പരിശ്രമങ്ങളിലൂടെ സാധിക്കണമെന്ന് പ്രഖ്യാപന ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആഗോളതലത്തില്‍ പ്രകൃതി സംരക്ഷണത്തില്‍ പ്രതിസന്ധികള്‍ നേരിടുന്ന വര്‍ത്തമാന കാലത്ത് ജില്ലയുടെ ജൈവവൈവിധ്യങ്ങളെ കണ്ടെത്താനും ഇത്തരമൊരു പ്രഖ്യാപനം നടത്താനും മുന്‍കൈയെടുത്ത കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലുകള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. നാമനിര്‍ദേശകങ്ങളുടെയും ജില്ലാ സ്പീഷീസുകളുടെയും വീഡിയോ പ്രദര്‍ശനവും നടന്നു. വിദഗ്ധ സമിതി അംഗങ്ങളെയും ലോഗോ ഡിസൈന്‍ ചെയ്തവരെയും എസ്ബിസി വിജയികളെയും ചടങ്ങില്‍ ആദരിച്ചു.
കോഴിക്കോട് സമുദ്ര കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍കുമാര്‍, മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ വി റീന, വി പി ജമീല, പി പി നിഷ, പി സുരേന്ദ്രന്‍, അംഗങ്ങളായ ഐ പി രാജേഷ്, പി സുരേന്ദ്രന്‍, എം പി ശിവാനന്ദന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് സ്വാഗതവും ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ പി മഞ്ജു നന്ദിയും പറഞ്ഞു.