നൊച്ചാട് വില്ലേജിലെ കല്‍പ്പത്തൂര്‍, രാമല്ലൂര്‍ പ്രദേശങ്ങളിലെ വിവിധ സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 18.88 ഏക്കര്‍ ഭൂമി നിലവില്‍ കൈവശംവെച്ചു വരുന്നവര്‍ക്ക് പതിച്ചു നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ആധാരങ്ങള്‍ ഉടമസ്ഥതാ രേഖയായി കണക്കാക്കി നികുതിയടക്കാനും അനുമതി നല്‍കും.
റിസര്‍വേ നമ്പര്‍ 49, 65, 30, 12, 19 എന്നിവയില്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കുക. ഇതോടെ കൈവശക്കാരുടെ വര്‍ഷങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്കാണ് ശാശ്വത പരിഹാരമാകുന്നത്. കൈവശ ഭൂമിയുടെ നികുതി സ്വീകരിക്കാത്തത് കാരണം വിവിധ ആനുകൂല്യങ്ങളും വായ്പകളും പ്രദേശവാസികള്‍ക്ക് ലഭിച്ചിരുന്നില്ല.
ടി പി രാമകൃഷ്ണന്‍ എംഎല്‍എ പട്ടയ അസംബ്ലിയില്‍ വിഷയം ഉന്നയിക്കുകയും റവന്യൂ മന്ത്രി കെ രാജന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ലാ കലക്ടര്‍ റീജ്യണല്‍ ആര്‍ക്കൈവ്‌സില്‍നിന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് സമര്‍പ്പിച്ചു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ശിപാര്‍ശ ചെയ്ത പ്രകാരം ആധാരങ്ങള്‍ ഉടമസ്ഥതാ രേഖയായി കണക്കാക്കി കരമടക്കാന്‍ അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.