ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ പത്തും വടകര, കൊയിലാണ്ടി താലൂക്കുകളില്‍ ഓരോന്നും വീടുകള്‍ക്ക് മരങ്ങള്‍ വീണും മറ്റും കേടുപാടുണ്ടായി.
കരുവന്‍തിരുത്തി വില്ലേജില്‍ മുന്നിലമ്പടം വളശ്ശേരി റോഡ് തെക്കേടം ഗിരിജ, മാട്ടുപുറത്ത് ബൈജു, ഫൈസല്‍ കളത്തില്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഫറോക്ക് ഇഎസ്‌ഐ കോമ്പൗണ്ടിലെ വന്‍മരം കടപുഴകി വീണ് തൊട്ടടുത്ത ഓഫിസിനും വീടിനും വീട്ടുവളപ്പിലെ കാറിനും കേടുപാടുണ്ടായി.
നാദാപുരം വില്ലേജ് ഏഴാം വാര്‍ഡിലെ ഒന്തംപറമ്പത്ത് കണ്ണന്റെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. ചാത്തമംഗലം വില്ലേജില്‍ വേങ്ങേരി മഠത്ത് കുനിയടത്ത് ചാലില്‍ സുധാകരന്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായി.
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി 1077 നമ്പറില്‍ ബന്ധപ്പെടുകയും അറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.