അത്തോളി തോരായിയിൽ സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പകൽ വീട് മേയ് 25 ന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എട്ടു വർഷങ്ങൾക്കിടയിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനയാണിത്. നിർധനരായ രോഗികൾക്ക് മരുന്ന് വിതരണം, കിടപ്പ് രോഗികൾക്ക് ഉപകരണ വിതരണം, അശരണരായ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് സഹായം, കുടിവെള്ള വിതരണം, പഞ്ചായത്ത് തല കാൻസർ രോഗ നിർണയക്യാമ്പ്, വിവിധ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, പ്രളയ- കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മുണ്ടക്കൈ -ചൂരൽമല ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയവ നടത്തിവരുന്നു.
തോരായിയിലെയും പരിസരഗ്രാമങ്ങളിലെയും മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കാനും വിനോദത്തിനും പകൽസമയം വിരസതയില്ലാതെ ചെലവഴിക്കാനുമാണ് പകൽവീട് നിർമ്മിച്ചത്. നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്താൽ 6.75 സെൻ്റ് സ്ഥലം 12 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങുകയും അതിൽ 2400 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തിട്ടുണ്ട്. പകൽ വീട്ടിൽ എത്തുന്ന വയോജനങ്ങൾക്ക് മൂന്ന് നേരം ഭക്ഷണം, ലാബ് പരിശോധനകൾ, യോഗ പരിശീലനം, ഒഴിവു സമയ തൊഴിൽ പരിശീലനം തുടങ്ങിയവയും വിഭാവനം ചെയ്തിട്ടുണ്ട്.