സെൻ്റർ സ്റ്റാൻ്റിലിട്ട് സ്‌കൂട്ടര്‍ സ്‌റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്. കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം നടന്നത്. പാനൂരിൽ പോയി മടങ്ങുന്ന വഴി പാനൂർ അങ്ങാടിക്ക് സമീപത്ത് നിസാമിയുടെ സ്‌കൂട്ടര്‍ ഓഫായി. സെൽഫിൽ സ്റ്റാർട്ട് ആക്കാൻ എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആവാതെ വന്നപ്പോൾ സ്‌കൂട്ടര്‍ സെന്റര്‍ സ്റ്റാൻഡിൽ ഇട്ട് ഹെൽമെറ്റ് ഊരി വെച്ച ശേഷം കിക്കര്‍ അടിച്ചു സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ അതുവഴി വന്ന പൊലീസുകാർ കിക്കർ അടിക്കുന്ന സുബൈർ നിസാമിയുടെ ഫോട്ടോ എടുത്തു. ഫോട്ടോ എന്തിനാണ് എടുത്തതെന്നറിയാതെ സുബൈർ പൊലീസുകാരെ നോക്കി ചിരിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം സ്റ്റാർട്ട് ആക്കിയ സ്കൂട്ടറുമായി സുബൈർ യാത്ര തുടർന്നു.
സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് ഇൻഷുറൻസ് അടക്കാൻ പോയ സമയത്താണ് ഹെൽമറ്റ് ഉപയോഗിക്കാത്തതിന് ഫൈൻ വന്നതായി ശ്രദ്ധയിൽപ്പെട്ടത്. തനിക്ക് ഫൈൻ ലഭിച്ചതായിവന്ന പേപ്പർ കണ്ട് സുബൈർ നിസാമിയും അന്തം വിട്ടു. അന്ന് താൻ പൊലീസിനെ നോക്കി ചിരിച്ച അതേ ഫോട്ടോ.
