ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളിലാണ്. മഴ നിരന്തരം പെയ്യുന്ന സാഹചര്യത്തില്‍ വീട്ടിലും സ്ഥാപനങ്ങളുടെ പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ ചിരട്ടകള്‍, പാത്രങ്ങള്‍, കുപ്പികള്‍ എന്നിവയിലും വിറക് മൂടാനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, വീടിന്റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഫ്രിഡ്ജിനടിയിലെ ട്രേ, അലങ്കാര ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍ എന്നിവയിലെ വെള്ളവും ആഴ്ചയിലൊരിക്കല്‍ മാറ്റണം. ആക്രിക്കടകള്‍, ടയറുകളും മറ്റും കൂടിയിട്ട വാഹന വര്‍ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും റബര്‍, അടയ്ക്ക, കൈത തോട്ടങ്ങളിലും ചിരട്ടകള്‍, പാളകള്‍, ഇലകള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാം. ഡെങ്കിപ്പനി പ്രതിരോധം സാധ്യമാക്കാന്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതില്‍ നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ കൂട്ടായ്മകളുടെ പങ്കാളിത്തം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
രോഗലക്ഷണങ്ങള്‍
പനിയോടൊപ്പം പേശിവേദന, തലവേദന, കണ്ണിന് പിറകില്‍ വേദന, കടുത്ത ക്ഷീണം, ശരീരത്തില്‍ ചെറിയ തടിപ്പുകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് എന്നിവ രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.
രോഗബാധിതര്‍ ശ്രദ്ധിക്കണം
രോഗബാധിതര്‍ക്ക് സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. രോഗബാധിതര്‍ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലക്കുള്ളിലാകണം.