രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. രക്ഷിതാക്കളുടെ പുനര്‍വിവാഹ ശേഷം ആദ്യവിവാഹത്തിലെ കുട്ടികള്‍ അനാഥത്വം അനുഭവിക്കേണ്ടി വരുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ചുവരുകയാണ്. പെണ്‍കുട്ടികള്‍ 18 വയസ്സിന് ശേഷവും പ്രയാസം നേരിടുന്നു. വീടിനുള്ളിലെ അരക്ഷിതാവസ്ഥയും സ്വതന്ത്രമായി പുറത്തുപോകാനാവാത്തതും അവരെ പ്രതിസന്ധിയിലാക്കുന്നുവെന്നും കമീഷന്‍ നിരീക്ഷിച്ചു.
വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങള്‍ക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളും കമീഷന്റെ പരിഗണനക്കെത്തുന്നുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിച്ചുവരുന്നു. പല സ്ഥലങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനരഹിതമാണ്. ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കമീഷന്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
സിറ്റിങ്ങില്‍ പരിഗണിച്ച 77 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ കൗന്‍സിലിങ്ങിന് വിട്ടു. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
സിറ്റിങ്ങില്‍ വനിത കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ജിഷ, ജാമിനി, അഭിജ, കൗണ്‍സലര്‍മാരായ രമ്യ, സബിന, അവിന എന്നിവരും പരാതികള്‍ പരിഗണിച്ചു.