വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ഫല പ്രസിദ്ധീകരണവും നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തെ സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഷാനവാസ്. പ്ലസ് ടു. വിഎച്ച്എസ്ഇ ഫല പ്രഖ്യാപനത്തിനിടെയായിരുന്നു ഷാനവാസിൻ്റെ മുന്നറിയിപ്പ്. സംഭവത്തില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികളെ ഇത്തരക്കാര്‍ വ്യാപകമായി പറ്റിക്കുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു.
ഇതിനിടയിലാണ് സദസില്‍നിന്ന് വ്യാജ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിൻ്റെ കോപ്പി ഒരാള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. പരീക്ഷാ ഭവനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്‌റ്റിൻ്റെ അതേ മാതൃകയില്‍ പുറത്തിറക്കിയ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദിയിലുള്ള ഒപ്പ് കണ്ട് മന്ത്രിയും അമ്പരന്നു. തിരിച്ചും മറിച്ചും നോക്കിയിട്ടും ഹിന്ദി ഒപ്പ് മാത്രമാണ് ഒറിജിനലും വ്യാജനും തമ്മിലുള്ള വ്യത്യാസമെന്ന് മനസിലാക്കിയതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തട്ടിപ്പുകാരന്‍ ഒരു മണ്ടനാണെന്നും മന്ത്രി പറഞ്ഞു.