ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായത്തിന് സൈന്യവും. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ സ്നേഹിൽ കുമാർ സിംഗുമായി ഉന്നത സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തി. ദുരന്തസാധ്യത കൂടുതലുള്ള പ്രദേശങ്ങളുടെയും അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ സംഘം ശേഖരിച്ചു. ദുരന്തത്തെ നേരിടാൻ ആർമിയിൽ തന്നെ കോർ ടീം രൂപീകരിക്കുകയാണ് ലക്ഷ്യം. ജില്ലയുടെ ദുരന്തനിവാരണ പ്ലാൻ ആർമിക്ക് കൈമാറും.
ബ്രിഗേഡിയർ യോഗേഷ് ശർമ്മ, ലെഫ്റ്റനന്റ് കേണൽ വിപിൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രാജേന്ദ്രൻ, എസിപി കെ എ ബോസ്, കോഴിക്കോട് റൂറൽ പോലീസ് മേധാവി കെ ഇ ബൈജു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ, വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി തുടങ്ങിയവർ പങ്കെടുത്തു.