ദേശീയപാത ആറുവരി വികസനം ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കാത്ത പൊയിൽക്കാവ് ഭാഗത്ത് കടുത്ത യാത്രാദുരിതം. ബസ്സുകളും ലോറികളും മറ്റു വാഹനങ്ങളും വളരെ പതുക്കെയാണ് ഇത് വഴി ഓടുന്നത്.പൊതുവേ വെള്ളക്കെട്ടുള്ള ഇവിടെ വേനൽക്കാലത്ത് തന്നെ ഹൈവേയുടെ പണിപൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് അല്പം മുമ്പാണ് അണ്ടർ പാസിന്റെ ഇരുവശത്തും റോഡ് നിർമ്മാണം തുടങ്ങിയത് തന്നെ. ആറുവരിപ്പാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളുടെ പണിയും പുരോഗമിച്ചിട്ടില്ല. കനാൽ വെള്ളം ഒഴുകിയെത്തിയതോടെ സർവീസ് റോഡിൻ്റെ വശങ്ങളിൽ നേരത്തെ തന്നെ വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. ഇതിൻ്റെ കൂടെ മഴയും പെയ്തതോടെ റോഡ് ചളിക്കളമായി മാറിയിരിക്കുകയാണ്.
വെള്ളം ഒലിച്ചു പോകാൻ നിർമ്മിച്ച ഓവുചാലിന് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ മിക്കതും ബലമില്ലാത്തത് കാരണം പൊട്ടി വീഴുകയാണ്. സ്ലാബിനു മുകളിൽ വാഹനങ്ങൾ കയറിയാൽ ഏതുനിമിഷവും അവ പൊട്ടിത്തകരാൻ സാധ്യതയുണ്ട് .ദീർഘദൂര ബസ്സുകൾ അടക്കം സ്ലാബുകളിൽ കയറ്റിയാണ് ഓടിക്കുന്നത്. ദീർഘദൂര വസ്തുക്കൾ വഴി മാറി പോകാന്നും ബദൽ റോഡില്ല. കാപ്പാട് കൊയിലാണ്ടി തീരപാതയും തകർന്നു കിടപ്പാണ്.